31 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

news image
Dec 10, 2024, 4:04 am GMT+0000 payyolionline.in

തിരുവനന്തപുരം> സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഇന്ന്  ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ്, പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡ്, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 23 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 192 പോളിംഗ് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട്‌ ആറു വരെ വോട്ടു ചെയ്യാം. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 50 പേർ സ്ത്രീകളാണ്.

ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. നവംബർ 13, 20 തീയതികളിൽ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം.

 

വോട്ടു ചെയ്യാനെത്തുന്നവർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്കിൽനിന്ന്‌ ആറു മാസംമുമ്പ്‌ ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. ‍

നാളെ രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടത്തും. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി 10നകം നൽകണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe