’25 കോടിയുടെ കള്ളപ്പണം വന്നു’; ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ യുവമോർച്ച ഭാരവാഹി

news image
Jul 22, 2026, 10:07 am GMT+0000 payyolionline.in

തൃശ്ശൂർ: ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ യുവമോർച്ച ഭാരവാഹി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ സെക്രട്ടറിയുടെ മുറിയിൽ 25 കോടിയുടെ കള്ളപ്പണം വന്നുവെന്നാണ് ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട അക്ഷയുടെ ആരോപണം. സിസിടിവി ഓഫ് ചെയ്ത് പണം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചു. സംഘടന സെക്രട്ടറി കെ പി സുരേഷ് , മുരളി കോളങ്ങാട്ട് , ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ്കുമാർ എന്നിവർക്ക് വിവരങ്ങളെല്ലാം അറിയാമെന്നും അക്ഷയ് ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് ഫണ്ടെന്ന് പറഞ്ഞ് ഒരു തുകയുണ്ടാകും. അതിലും കവിഞ്ഞ് പൈസ വരികയും വ്യക്തികൾ കേന്ദ്രീകരിച്ച് പൈസ കൊള്ളയടിക്കുകയുമാണ് ചെയ്തതെന്ന് അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികളെന്ന നിലയിൽ കോടികൾ ഇതിൽ നിന്നും സമ്പാദിച്ചു’വെന്നും അക്ഷയ് ആരോപിച്ചു. ‘സംഘടനാ സെക്രട്ടറി, ഡ്രൈവർ രാജേഷ്, മുരളി കൊളങ്ങാട്ടിൽ എന്നീ മൂന്ന് പേരാണ് പൈസ കൈകാര്യം ചെയ്യുന്നത്. ഒരു വീടെടുത്തിട്ടായിരുന്നു ഈ പൈസ വെച്ചിരുന്നത്. അവസാനം വന്ന ഒരു കോടിയോളം രൂപ ഒരു തമിഴ്നാട് രജിസ്ട്രേഷൻ ബലേറോ കാറിലാണ് അവിടെ നിന്നും എടുത്ത് കൊടുത്ത് വിട്ടത്. അതിൽ എന്നെയും പങ്കാളിയാക്കിയിരുന്നു. അന്ന് സംഘടനാ സെക്രട്ടറി സുരേഷ് അവിടെ ഉണ്ടായിരുന്നില്ല. മുരളി കുളങ്ങാട്ടിൻ്റെ ഒപ്പം പോയി പൈസ എടുത്ത് കൊടുക്കാൻ എന്നോട് സുരേഷ് നിർദ്ദേശിക്കുകയുമായിരുന്നു’ എന്നാണ് അക്ഷയ് വെളിപ്പെടുത്തിയത്.

വണ്ടിയിൽ പണം എടുക്കാൻ പോകുമ്പോഴാണ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ആ വീട്ടിൽ നാല് ചാക്ക് കണ്ടെന്നും അക്ഷയ് വെളിപ്പെടുത്തി. ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സംഘടനാ സെക്രട്ടറിയുടെ മുരളി കുളങ്ങാട്ടിൻ്റെയും വാഹനത്തിൽ നിന്ന് ഡ്രൈവർ പണം അടങ്ങിയ 17 ചാക്കോളം ഓഫീസിൻ്റെ മുകളിലത്തെ നിലയിലേയ്ക്ക് കയറ്റുകയായിരുന്നുവെന്നും അക്ഷയ് പറഞ്ഞു. ഓഫീസിലെ സിസിടിവി ഓഫ് ചെയ്യാൻ ജനറൽ സെക്രട്ടറി സുജയ് സേനനാണ് തന്നോട് പറഞ്ഞതെന്നും അക്ഷയ് വ്യക്തമാക്കി. സംഘടനാ സെക്രട്ടറി കെ പി സുരേഷ്, മുരളി കൊളങ്ങാട്ടിൽ, അഡ്വ. കെ കെ അനീഷ് കുമാർ തുടങ്ങിയവരാണ് ഇതിന് നേതൃത്വം വഹിച്ചതെന്നും അക്ഷയ് കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe