21 പ്രതിരോധ പ്രവർത്തകർക്ക് കടിയേറ്റു; തീവ്ര വാക്സിനേഷൻ വൈകും

news image
Sep 19, 2022, 8:36 am GMT+0000 payyolionline.in

തിരുവനന്തപുരം : തെരുവുനായ്ക്കളുടെ വാക്സിനേഷൻ നടപടികൾക്ക് ഇറങ്ങിയ നായപിടിത്തക്കാരും സന്നദ്ധപ്രവർത്തകരുമായ 21 പേർക്കു കടിയേറ്റ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഒരാഴ്ച വൈകിയേക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകേണ്ട ആറായിരത്തോളം പേർക്കു 2 ഡോസ് കരുതൽ വാക്സീൻ എങ്കിലും നൽകിയശേഷം മാത്രം നടപടികൾ ആരംഭിച്ചാൽ മതിയെന്നു മൃഗസംരക്ഷണ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. ഇന്നും നാളെയുമായി ആദ്യ ഡോസ് കരുതൽ വാക്സീൻ നൽകും. ഏഴാം ദിവസമാണു രണ്ടാം ഡോസ്.

നിലവിൽ കരുതൽ വാക്സീൻ എടുത്തവരെ ഉപയോഗിച്ചാകും അതുവരെ പ്രതിരോധ നടപടികൾ. അതേസമയം, വളർത്തുനായ്ക്കളുടെ കുത്തിവയ്പ് അതതു തദ്ദേശ സ്ഥാപനങ്ങളിൽ നിശ്ചയിച്ചതു പോലെ നടത്തുന്നതിനു തടസ്സമില്ല. നാളെ മുതൽ ദിവസം പതിനായിരത്തോളം തെരുവുനായ്ക്കൾക്കു തീവ്ര വാക്സിനേഷൻ ആരംഭിക്കാനാണു തദ്ദേശ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചത്.

വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, നായ പിടിത്തക്കാർ, മൃഗപരിപാലകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്കാണു കരുതൽ വാക്സീൻ. യഥാർഥത്തിൽ 3 ഡോസ് വാക്സീൻ ആണ് നൽകേണ്ടത്. ആദ്യ വാക്സീൻ എടുത്ത് ഏഴാം ദിവസവും 21–ാം ദിവസവും തുടർകുത്തിവയ്പ് വേണം. രണ്ടു ഡോസ് എങ്കിലും എടുത്താൽ പ്രതിരോധം ലഭിക്കും. കരുതൽ വാക്സീൻ ആവശ്യമായ പ്രതിരോധ പ്രവർത്തകരുടെ പട്ടിക മൃഗസംരക്ഷണ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു കൈമാറി.

സർജറിക്ക് ആൾക്ഷാമം

നായ്ക്കൾക്ക് എബിസി നിർവഹിക്കാൻ സർജറി പരിശീലനമുള്ള വെറ്ററിനറി ഡോക്ടർമാരുടെ ക്ഷാമം. നിലവിൽ വെറ്ററിനറി ഡോക്ടറാകാൻ ഉള്ള ബിരുദ കോഴ്സിൽ സർജറിയിൽ പ്രായോഗിക പരിശീലനം ഇല്ല. പിജി സർജറി കോഴ്സിൽ മാത്രമാണ് ഇത്തരം പരിശീലനം. മറ്റു പിജി കോഴ്സുകളിൽ ഇല്ല.

അതിനിടെ, എബിസി പ്രവർത്തനങ്ങളുടെ നിർവഹണ ചുമതല വെറ്ററിനറി ഡോക്ടറെ ഏൽപിക്കുന്നതിന് എതിരെ കേരള വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ തദ്ദേശ മന്ത്രിക്കു കത്തു നൽകി. പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്കു നിർവഹണ ചുമതല കൈമാറണം എന്നാണ് ആവശ്യം. എബിസി സെന്ററുകളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, മേൽനോട്ടം തുടങ്ങിയവയ്ക്ക് ആവശ്യമായ ജീവനക്കാർ വെറ്ററിനറി ആശുപത്രികളിൽ ഇല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe