കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മത്സരത്തിൽ ബാംഗ്ലൂരിനായി ബോളിങ്ങിൽ തിളങ്ങിയത് ക്രൂണാൽ പാണ്ട്യയാണ്. 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കാൻ പാണ്ട്യയ്ക്ക് സാധിച്ചു. ബാറ്റിംഗിൽ വിരാട് കോഹ്ലിയും ഓപ്പണർ ഫിൽ സോൾട്ടും അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കി ബാംഗ്ലൂരിനെ അനായാസ വിജയത്തിൽ എത്തിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ബാംഗ്ലൂരിന് പേസർമാർ നൽകിയത്. അപകടകാരിയായ ഡികോക്കിനെ തുടക്കത്തിൽ തന്നെ ഹെസൽവുഡ് പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ നായകൻ രഹാനയും സുനിൽ നരെയ്നും ക്രീസിലുറച്ച് ബാംഗ്ലൂരിന് ഭീഷണി സൃഷ്ടിക്കുകയായിരുന്നു. ഇതിൽ രഹാനെയാണ് പവർപ്ലേ ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ബൗണ്ടറികൾ കണ്ടെത്താൻ രഹാനെയ്ക്ക് സാധിച്ചിരുന്നുm മത്സരത്തിൽ 25 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാനും രഹാനയ്ക്ക് സാധിച്ചു. 31 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 56 റൺസാണ് രഹാനെ നേടിയത്. സുനിൽ നരെയ്ൻ 26 പന്തുകളിൽ 44 റൺസ് നേടി.
എന്നാൽ ഇരുവരും പുറത്തായ ശേഷം മത്സരത്തിലേക്ക് ബാംഗ്ലൂർ തിരിച്ചുവരികയുണ്ടായി. ക്രൂണാൽ പാണ്ട്യയുടെ തകർപ്പൻ ബോളിങ്ങിന്റെ ബലത്തിൽ ബാംഗ്ലൂർ കൊൽക്കത്തയെ പിടിച്ചുകെട്ടുന്നതാണ് കാണാൻ സാധിച്ചത്. നിശ്ചിത 20 ഓവറുകളിൽ കേവലം 174 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചുള്ളൂ. ബാംഗ്ലൂരിനായി ക്രൂണാൽ പാണ്ഡ്യ 29 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് വിരാട് കോഹ്ലിയും ഫിൽ സോൾട്ടും ചേർന്നു നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ കൊൽക്കത്തയെ പിന്നിലേക്ക് എത്തിക്കാൻ ഇരുവർക്കും സാധിച്ചു. പവർപ്ലേയിലെ 6 ഓവറുകളിൽ 80 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്
സോൾട്ട് 31 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 56 റൺസ് നേടിയ ശേഷമാണ് പുറത്തായത്. ശേഷം വിരാട് കോഹ്ലിയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു
ഇതോടെ ബാംഗ്ലൂർ അനായാസ വിജയത്തിലേക്ക് നീങ്ങി. അവസാന സമയത്ത് ബാംഗ്ലൂരിനായി പൂർണമായ വെടിക്കെട്ട് തീർക്കാൻ നായകൻ രജത് പട്ടിദാറിനും സാധിച്ചിരുന്നു. കോഹ്ലിയും പട്ടിദാറും ചേർന്നാണ് ബാംഗ്ലൂരിനെ വിജയത്തിൽ എത്തിച്ചത്. കോഹ്ലി 36 പന്തുകളിൽ 59 റൺസ് നേടിയപ്പോൾ പട്ടിദാർ 16 പന്തുകളിൽ 34 റൺസാണ് സ്വന്തമാക്കിയത്.