മലപ്പുറം : ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്. പ്രതിയായ ബ്രിജേഷ് ആന്റണിയുടെ മലപ്പുറം താമരക്കുഴിയിലുള്ള വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ഒന്നാം പ്രതി പാലോളി ഇബ്രാഹിം വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി പതിനഞ്ചോളം കേസുകളിലെ പ്രതിയാണ്.
മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, ഇൻസ്പെക്ടർ ജോബി തോമസ്, എസ്ഐ ജിഷിൽ, എഎസ്ഐ സന്തോഷ്, എഎസ്ഐ തുളസി, ഗോപി മോഹൻ, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ ജില്ലാ ആൻറി നർക്കോട്ടിക് ടീം അംഗങ്ങൾ ആയ ഐ കെ ദിനേഷ്, പി സലീം, ആർ ഷഹേഷ്, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.