1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

news image
Dec 7, 2024, 11:52 am GMT+0000 payyolionline.in

ന്യൂഡൽഹി: മുസ്‍ലിം ആരാധനാലയങ്ങൾക്കുമേലുള്ള പുതിയ അവകാശ വാദങ്ങളുടെ പശ്ചാത്തലത്തിൽ, 1991ലെ ആരാധനാലയനിയമത്തി​ന്‍റെ ചില വ്യവസ്ഥകളുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം പൊതുതാൽപര്യ ഹരജികൾ കേൾക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. 1947 ആഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ഒരു ആരാധനാലയം തിരിച്ചുപിടിക്കുന്നതിനോ അതി​ന്‍റെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനോ കേസ് ഫയൽ ചെയ്യുന്നത് വിലക്കുന്നതാണ് നിയമം. മുൻ രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി, അശ്വിനി ഉപാധ്യായ എന്നിവർ നൽകിയതടക്കം ആറോളം ഹരജികളാണ് 1991ലെ നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സമർപ്പിച്ചിരിക്കുന്നത്.

1991ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 2, 3, 4 എന്നിവ റദ്ദാക്കണമെന്നാണാവശ്യം. ഈ വ്യവസ്ഥകൾ ഏതെങ്കിലും വ്യക്തിയുടെയോ മതവിഭാഗത്തി​ന്‍റെയോ ആരാധനാലയം തിരിച്ചുപിടിക്കാനുള്ള ജുഡീഷ്യൽ പരിഹാരത്തിനുള്ള അവകാശം എടുത്തുകളയുന്നു എന്ന വാദവും വിവിധ കാരണങ്ങളിൽ ഉൾപ്പെടുന്നു.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ്, സംഭാലിലെ ഷാഹി ജുമാമസ്ജിദ് എന്നിവ പുരാതന ക്ഷേത്രങ്ങൾ നശിപ്പിച്ച ശേഷം നിർമിച്ചതാണെന്ന് ആരോപിച്ച് വിവിധ കോടതികളിൽ ഫയൽ ചെയ്തിട്ടുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് വിഷയം പരിഗണിക്കുക. ഇത്തരം ഭൂരിഭാഗം കേസുകളിലും മുസ്‍ലിം പക്ഷത്തുള്ള 1991ലെ നിയമം ഉദ്ധരിച്ചാണ് നിലനിൽക്കില്ലെന്ന് വാദിക്കുന്നത്.

വരാണസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി മസ്ജിദിനും മുകളിൽ ഹിന്ദുക്കൾക്ക് അവകാശവാദം ഉന്നയിക്കാൻ സുപ്രീംകോടതി ചില വ്യവസ്ഥകൾ ‘വായിച്ചുനോക്കണമെന്ന്’ മുൻ കേന്ദ്രമന്ത്രി സ്വാമി ആവശ്യപ്പെട്ടപ്പോൾ, മുഴുവൻ നിയമവും ഭരണഘടനാ വിരുദ്ധമാണെന്നും അവ വിശകലനം ചെയ്യുന്നതി​ലെ പ്രശ്നമില്ലെന്നും ഉപാധ്യായ അവകാശപ്പെട്ടു.

നിയമത്തിലെ ചില വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്ത് ഉപാധ്യായ സമർപിച്ച ഹരജിയിൽ 2022 മാർച്ച് 12ന് സുപ്രീംകോടതി കേന്ദ്രത്തി​ന്‍റെ പ്രതികരണം തേടിയിരുന്നു. ‘മൗലികവാദികളും ആക്രമണകാരികളും നിയമലംഘകരും’ നടത്തുന്ന കയ്യേറ്റത്തിനെതിരെ ആരാധനാലയങ്ങളുടെയോ തീർഥാടന കേന്ദ്രങ്ങളുടെയോ സ്വഭാവം നിലനിർത്തുന്നതിന് 1991 ലെ നിയമം 1947 ഓഗസ്റ്റ് 15 ലെ ‘സ്വേച്ഛാപരവും യുക്തിരഹിതവുമായ’ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഹരജി ആരോപിക്കുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് സംബന്ധിച്ച കേസിൽ മാത്രമാണ് നിയമം ഒരു അപവാദമായതെന്നും വാദിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe