15000 കോടി കൂടി വേണ്ടിവരുമെന്ന് കേരളം, ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

news image
Mar 6, 2024, 8:05 am GMT+0000 payyolionline.in

ദില്ലി: കടമെടുപ്പ് പരിധി ഉയർത്താൻ കേരള നൽകിയ ഹർജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉപാധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.  ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ് വിമർശിച്ചത്. കേസുമായി സുപ്രീംകോടതിയെ സമീപിക്കാൻ കേരള സർക്കാറിന് അധികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ, കേരളം ഹർജി പിൻവലിക്കണം എന്ന ഉപാധിയെ കേന്ദ്രം ന്യായീകരിച്ചു.  ചർച്ചയിൽ പോസിറ്റീവ് നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നതും ശ്രദ്ധേയം. 

ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യം ഭാ​ഗികമായി പരി​ഗണിച്ച കേന്ദ്രം 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചെങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്ന്  കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ അറിയിച്ചു.

 

അതേസമയം, സർക്കാറുകളുടെ കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ  ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതിൽ ഇടപെടാൻ കഴിയും എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേരളത്തിന്‍റേയും കേന്ദ്രത്തിന്‍റേയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രണ്ടും വ്യത്യസ്തമാണെന്നും കേന്ദ്രം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe