തിരുവനന്തപുരം: വാഴയില മുറിച്ചെന്ന സംശയത്തിൽ 12കാരനെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിയായ അറുപതുകാരന് 15 വർഷം കഠിനതടവും 60,000 രൂപ പിഴയും. കാരോട് പൊറ്റയിൽക്കട കാണവിളവീട്ടിൽ ബാബുവിനെതിരെയാണ് തിരുവനന്തപുരം അഡീഷണൽ ജില്ല ജഡ്ജി എം.പി. ഷിബുവിന്‍റെ വിധി.2016 ആഗസ്റ്റ് എട്ടിനായിരുന്നു സംഭവം. കാരോട് പൊറ്റയിൽക്കട കാണവിള തബു ഭവനിൽ ഷാജിയുടെ മകൻ തബു എന്ന ഷൈനിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്റെ വാഴത്തോട്ടത്തിൽനിന്ന്വാഴയില മുറിച്ചെന്നസംശയത്തിലാണ് ആക്രമണം. കത്തിയുമായി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ ബാബു ടി.വി. കണ്ടുകൊണ്ടിരുന്ന ഷൈനിനെ മാതാവ് സുമലതയുടെ മുന്നിൽ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ ഷൈനിന് അടിയന്തിര ചികിത്സ ലഭ്യമാക്കിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകവി.സി.ബിന്ദു എന്നിവർ ഹാജരായി.