നമ്മുടെ നാട്ടിൽ ഹെൽമറ്റ് നിർബന്ധമാണെങ്കിലും ഇപ്പോഴും ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന നിരവധി ആളുകളെ കാണാം. ഹെൽമറ്റ് ധരിക്കണം എന്ന ബോധവത്കരങ്ങളും ധാരാളം നടക്കാറുണ്ട്. എന്നാൽ ഹെൽമറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ധരിക്കുന്നതെന്ന പറച്ചിലുകൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന തീരുമാനത്തിലാണ് ഓല ഇലക്ട്രിക്.
ഹെൽമറ്റ് ധരിച്ചാൽ മാത്രം സ്കൂട്ടർ ഓടുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഓല. ഡിസ്പ്ലെയിലെ ക്യാമറ ഉപയോഗിച്ച് റൈഡർ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ പരിശോധിക്കുക. ഹൈൽമറ്റ് ധരിച്ചിട്ടുണ്ട് എന്ന വിവരം വെഹിക്കിൾ കൺട്രോൾ യൂണിറ്റ് മോട്ടർ കൺട്രോൾ യൂണിറ്റിനെ അറിയിച്ചാൽ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറു. ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ വാഹനം പാർക്ക് മോഡിൽ തന്നെ തുടരുകയും ചെയ്യും.
ഇനി വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെൽമറ്റ് ഊരാമെന്ന് കരുതിയിൽ അതും നടക്കില്ല. ഹെൽമറ്റ് ഊരിമാറ്റിയാൽ വാഹനം പാർക് മോഡിലേക്ക് മാറും എന്നാണ് ഓല പറയുന്നത്. കൂടാതെ ഹെൽമറ്റ് ധരിക്കണം എന്ന നിർദ്ദേശവും സ്ക്രീനിൽ ലഭിക്കും. നേരത്തെ ടിവിഎസും ക്യാമറ അടിസ്ഥാനമായ ഹെൽമറ്റ് റിമൈൻഡർ സിസ്റ്റവുമായി എത്തിയിരുന്നു. എന്നാൽ ടിവിഎസിന്റെ സിസ്റ്റത്തിൽ ഹെൽമറ്റ് ധരിക്കണം എന്ന നിർദ്ദേശം വരിക മാത്രമേ ചെയ്യുകയുള്ളു. എന്നാൽ ഓല ഒരു പടിയും കൂടി കടന്ന് വാഹനം ഓടാത്ത സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നു.