റിയാദ്: പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കി.
തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. സിവിൽ ഡിഫൻസ് പ്രിവൻറീവ് സൂപ്പർവിഷൻ ആൻഡ് സേഫ്റ്റി ടീമുകൾ ഫീൽഡ് പരിശോധന സന്ദർശനത്തിലൂടെ പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. സുരക്ഷ അധികാരികളുമായി ഏകോപിപ്പിച്ച് നിയമലംഘകർക്കെതിരെ നിർദ്ദിഷ്‌ട നടപടിക്രമങ്ങൾ കൈക്കൊള്ളും. പിടിച്ചെടുക്കുന്ന ഗ്യാസ് സ്റ്റൗവുകളും പാചക സിലിണ്ടറുകളും കണ്ടുകെട്ടുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.