ജിദ്ദ: സൗദിക്കകത്തും പുറത്തും പ്രസിദ്ധമായ ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് ത്വാഇഫിൽ ഇന്ന് തുടക്കമാകും. ഒട്ടകോത്സവത്തിെൻറ അഞ്ചാം പതിപ്പിന് ത്വാഇഫിലെ ഒട്ടകയോട്ട മത്സര മൈതാനത്ത് സംഘാടന സമിതിയും ത്വാഇഫ് ഗവർണറേറ്റും ഒരുക്കം പൂർത്തിയാക്കി.
സൗദി കാമൽ ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഗൾഫ്, അറബ് മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഒട്ടകയുടമകളുടെ പങ്കാളിത്തത്തിലാണ് മത്സരം നടക്കുക. ഇത്തവണയും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരുടെ ഒട്ടകങ്ങൾ മത്സരത്തിനുണ്ട്. 350 മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രാഥമിക ഘട്ടങ്ങളോടെയാണ് മത്സരം ആരംഭിക്കുക. ഇത് 12 ദിവസം തുടരും. രാവിലെ 6.30 നും വൈകീട്ട് രണ്ട് സമയങ്ങളിലാണ് പ്രാഥമിക തല മത്സരം. അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 28 ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കും. അഞ്ച് മാരത്തൺ ഓട്ടങ്ങളും 239 റൗണ്ടുകളും അവസാനഘട്ടത്തിലുണ്ടാകും.
ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന മത്സരത്തിലെ വിജയികൾക്ക് വമ്പിച്ച സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇത്തവണ സമ്മാന തുക വർധിപ്പിച്ചതായി സംഘാടകർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ഒട്ടകയുടമക്ക് നൽകുന്ന ക്രൗൺ പ്രിൻസ് വാൾ അവാർഡിെൻറ തുക 10 ലക്ഷം റിയാലിൽ നിന്ന് 17.5 ലക്ഷം റിയാലായി (3.83 കോടി രൂപ) ഉയർത്തി. മൊത്തം സമ്മാന തുക 5.7 കോടി കവിയുമെന്നും സംഘാടകർ പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ ഒട്ടകയുടമകളുടെ വൻസംഘം മത്സരത്തിനായി എത്തിയിട്ടുണ്ട്.
2018 ലാണ് ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ത്വാഇഫിൽ ആരംഭിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവമായി ക്രൗൺ പ്രിൻസ് ഒട്ടകോത്സവം മാറിക്കഴിഞ്ഞു. സൗദി സംസ്‌കാരത്തിൽ ഒട്ടക പൈതൃകത്തെ ഏകീകരിക്കാനും മെച്ചപ്പെടുത്താനുമാണ് ഒട്ടകോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. കിരീടാവകാശിയുടെയും കായിക മന്ത്രിയുടെയും സൗദി ഒട്ടക ഫെഡറേഷെൻറയും പിന്തുണയും ഒട്ടകോത്സവത്തിന് ലഭിക്കുന്നുണ്ട്.