സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയ കേസ്; അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

news image
Jul 22, 2023, 5:20 am GMT+0000 payyolionline.in

പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് സ്വർണം തട്ടിയത്.

നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു.

കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe