തിരുവനന്തപുരം ∙ സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തിയതു സിബിഐയാണെന്നും അതിനു പിന്നിൽ ആരൊക്കെയെന്ന് അന്വേഷിക്കേണ്ടതു സിബിഐ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിബിഐ അന്വേഷിച്ചില്ലെങ്കിൽ നിയമപരമായ നടപടിയുമായി മുന്നോട്ടുപോകും. അന്വേഷണം വേണമെന്നു തന്നെയാണ് കെപിസിസിയും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പക്ഷേ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട.
സിബിഐ അന്വേഷിക്കണമെന്നും ഇക്കാര്യം സർക്കാർ ആവശ്യപ്പെടണമെന്നുമാണു പ്രതിപക്ഷം നിയമസഭയിലെടുത്ത നിലപാട്. സഭയിൽ പറഞ്ഞ കാര്യം പ്രത്യേകമായി എഴുതിക്കൊടുക്കേണ്ടതില്ല. ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയുടെ കയ്യിലേക്ക് കത്തു കൊടുക്കില്ല.
ദല്ലാൾ നന്ദകുമാറിനെ മുഖ്യമന്ത്രി കണ്ടെന്നു സിബിഐ റിപ്പോർട്ടിൽ പറയുന്നുണ്ട്. ദല്ലാൾ ഇപ്പോഴും സിപിഎമ്മിന്റെ ആളാണ്. സിബിഐ റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദന്റെ പേരില്ല. പിണറായി വിജയനെ രക്ഷിക്കാനാണ് ഇപ്പോൾ അച്യുതാനന്ദന്റെ പേര് ദല്ലാൾ പറയുന്നത്.
ഇ.പി.ജയരാജൻ 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നു പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. എം.വി.ഗോവിന്ദന്റെ ജാഥയിൽ പങ്കെടുക്കാതെ ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന പരിപാടിക്കാണു പോയത്. ജയരാജനു ദല്ലാൾ നന്ദകുമാറുമായി എന്താണു ബന്ധമെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.