സൈബര്‍ തട്ടിപ്പ്: വടകര സ്വദേശിക്ക് ഒരുകോടി 37 ലക്ഷം രൂപ നഷ്ടം

news image
Jul 19, 2026, 4:50 am GMT+0000 payyolionline.in

വടകര: സൈബര്‍ തട്ടിപ്പിന് ഇരയായ വടകര സ്വദേശിയും മുന്‍ പ്രവാസിയുമായ വയോധികന് ഒരു കോടി മുപ്പത്തിഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ടു. ഫേയ്‌സ്ബുക്കില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെ എഐ വീഡിയോയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടു കൂടിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടുകൂടി വടകര സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പുകാര്‍ അയച്ചു കൊടുത്ത അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും 22,000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു. കൂടുതല്‍ ലാഭം ട്രേഡിങ്ങിലൂടെ നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുടക്കത്തില്‍ 5 ലക്ഷം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. ഇതിന് ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചുപറ്റി. ഇതോടെ കൂടുതല്‍ തുക തവണകളായി നിക്ഷേപിപ്പിക്കുകയും ചെയ്തു. തുകയും ലാഭവും വര്‍ച്ച്വല്‍ വാലറ്റില്‍ മാത്രം പ്രദര്‍ശിപ്പിച്ച് പല തവണകളായി ഒരു കോടി മുപ്പത്തിഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലാകുന്നത്. പിന്നീട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe