തിരുവനന്തപുരം: ജോലിക്കിടയിൽ പാട്ട് കേൾക്കുന്നവരാണോ നിങ്ങൾ എന്ന് ആരോടെങ്കിലും ചോദിച്ചാൽ ചിലരെങ്കിലും അതെ എന്ന് ഉത്തരം പറയും. എന്നാൽ ഇതേ ചോദ്യം സർക്കാർ ഓഫീസിലെ ജീവനക്കാരോട് ചോദിച്ചാൽ, ‘പാട്ട് കേട്ട് ജോലിയോ?’ എന്നൊരു മറുചോദ്യമായിരിക്കും മറുപടിയായി കിട്ടുക. എന്നാൽ ഇനിയങ്ങോട്ട് സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലെ ജീവനക്കാരോടാണ് ഈ ചോദ്യമെങ്കിൽ ഉറപ്പിച്ചോളൂ, ഞങ്ങൾ പാട്ടും കേട്ടാണ് ജോലി ചെയ്യുന്നതെന്ന് ഇവർ ഉത്തരം പറയും.
സെക്രട്ടറിയേറ്റിലെ പുതിയ പരീക്ഷണത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സെക്രട്ടറിയേറ്റിൽ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തിൽ ആണ് ഈ പുതിയ പരീക്ഷണം. മ്യൂസിക് സിസ്റ്റം വാങ്ങാൻ 13,440 രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്. അങ്ങനെ പൊതു ഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിൽ ഇനി ഒരു മ്യൂസിക് സിസ്റ്റം കൂടി സ്ഥാനം പിടിക്കും!
ജൂലൈ 14 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എഐഎസ് സെക്ഷൻ സ്ഥിതി ചെയ്യുന്നത്. 2 ലക്ഷം ഫയലുകളാണ് സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുന്നത്. 43 വകുപ്പുകളാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. അതിൽ ഒരു വകുപ്പാണ് പൊതു ഭരണ വകുപ്പ്. പൊതു ഭരണ വകുപ്പിന് കീഴിൽ 25 ഓളം സെക്ഷനുകളുമുണ്ട്. അതിൽ ഒന്ന് മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ച എഐഎസ് സെക്ഷൻ. പൊതു ഭരണ വകുപ്പിലെ 25 സെക്ഷൻകാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാൽ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കിൽ 1 കോടിക്ക് മുകളിൽ ആകും ചെലവ്. എന്തായാലും എഐഎസ് സെക്ഷനില്‍ സംഗീതം എങ്ങനെയായിരിക്കും സ്വാധീനിക്കുക എന്ന് കണ്ടറിയാം.
അതേ സമയം, ഏതൊക്കെ പാട്ടുകളാകും ഇവിടെ അലയടിക്കുക എന്ന കാര്യം ഉത്തരവിലില്ല. പ്രണയഗാനങ്ങളാണോ അടിപൊളി പാട്ടുകളാണോ വിഷാദഗാനങ്ങളാണോ അതോ ഇനി വിപ്ലവഗാനങ്ങളാണോ എന്ന കാര്യങ്ങളിലൊന്നും വ്യക്തതയില്ല. അതിൽ തന്നെ പഴയ പാട്ടുകളാണോ പുതിയ ന്യൂജെൻ പാട്ടുകളാണോ എന്ന കാര്യവും അറിയില്ല. ഇനി വെറും ഉപകരണ സംഗീതം മാത്രമായിരിക്കുമോ? എന്നതിനെക്കുറിച്ചും നോ ഐഡിയ. മറ്റൊരു കാര്യം ഈ പാട്ട് എല്ലാവർക്കും സ്വീകാര്യമാകുമോ എന്നതാണ്. പല പ്രായത്തിലുള്ള പല അഭിരുചികളുള്ളവർ ജോലി ചെയ്യുന്ന സ്ഥലമല്ലേ? മനസ്സിന് സന്തോഷം നൽകുന്ന പാട്ടുകളാണ് ജോലി സമയത്ത് നല്ലതെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെത്രേ. എന്തായാലും പാട്ട് കേട്ട് ജോലി ചെയ്യാൻ തയ്യാറാകുകയാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാർ!