സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം: കൊല്ലത്ത് നഴ്സിംഗ് വിദ്യാർഥിക്ക് ക്രൂരമർദനം, വാരിയെല്ലിന് ഗുരുതര പരിക്ക്

news image
Nov 4, 2026, 11:07 am GMT+0000 payyolionline.in

കൊല്ലം: നഴ്സിംഗ് കോളേജിലെ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം കൂടിയെന്ന പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ഒരാൾ അറസ്റ്റിലായി. ചവറ സ്വദേശി പ്രമോദ് കുമാർ (28) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ 19കാരനാണ് ക്രൂര മർദനമേറ്റത്. വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയായ 19കാരൻ, സീനിയർ വിദ്യാർഥിനിയുമായി സൗഹൃദത്തിലാണെന്ന് വിദ്യാർഥിനിയുടെ സുഹൃത്തായ തേവലക്കര സ്വദേശി മിഥുൻ മനോഹറിനെ മറ്റൊരു വിദ്യാർഥിനി അറിയിച്ചു. മിഥുൻറെ നിർദേശ പ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് 19കാരനെ ആക്രമിക്കുകയായിരുന്നു. ഒക്ടോബർ 31 ന് വൈകിട്ട് 4.10 ന് കോളേജ് വിട്ടു പുറത്തിറങ്ങിയ 19കാരനെ, തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാൻ എത്തിയപ്പോൾ സംഘം മർദിക്കുകയായിരുന്നു. അസഭ്യം പറയുകയും മുഖത്തും പുറത്തും ക്രൂരമായി മർദിക്കുകയും ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ചവിട്ടേറ്റ വിദ്യാർത്ഥിയുടെ രണ്ട് വാരിയെല്ല് തകർന്നു. നെറ്റിയിലും കവിളിലും പരിക്കേറ്റു.

സംഭവത്തിൽ തെക്കുംഭാഗം പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. പ്രമോദാണ് ഒന്നാം പ്രതി. അഖിൽ രണ്ടാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്. മിഥുൻ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളതാണെന്നും ഒട്ടേറെ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ചവറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള പ്രമോദിനെതിരെ വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കുറ്റകരമായ നരഹത്യ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe