സമൂഹമാധ്യമ ഉപയോഗം ഇല്ലാതാക്കാൻ കർശന നടപടികളുമായി ബംഗളൂരുവിലെ സ്കൂളുകൾ

news image
Dec 13, 2022, 6:17 am GMT+0000 payyolionline.in

ബംഗളൂരു: വിദ്യാർഥികളുടെ സമൂഹമാധ്യമ ഉപയോഗം ഇല്ലാതാക്കാൻ കർശന നടപടികളുമായി ബംഗളൂരുവിലെ സ്കൂളുകൾ.കുട്ടികൾ വീട്ടിലായാലും സ്കൂളിലായാലും സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നില്ലെന്ന സത്യവാങ്മൂലം രക്ഷിതാക്കൾ ഒപ്പിട്ടുനൽകണം. സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും വീടുകളിൽ തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയുന്നുണ്ട്.

ഇതോടെ പലരും അധ്യാപകർക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ അയക്കുകയും സ്കൂൾ യൂനിഫോമിൽ റീൽസ് ചെയ്ത് തങ്ങളുടെ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പലരും ഗ്രൂപ് ചാറ്റുകളിൽ ഏർപ്പെടുന്നു. അപരിചിതരായ ആളുകൾ കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും ദുരുപയോഗിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നുണ്ട്.

 

തങ്ങളുടെ കുട്ടികൾ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് തുടങ്ങിയവയിൽ സജീവമാണെന്ന് മിക്ക രക്ഷിതാക്കൾക്കും അറിയാമെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഇതിനാലാണ് തങ്ങളുടെ മക്കൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാവില്ലെന്നും ഉള്ളവർ അത് നിർത്തുകയും ചെയ്യുമെന്ന സത്യവാങ്മൂലം രക്ഷിതാക്കളിൽ ൃനിന്നും നിർബന്ധമായും വാങ്ങുന്നതെന്ന് ബംഗളൂരു സൗത്തിലെ പ്രധാന സി.ബി.എസ്.ഇ സ്കൂളിലെ പ്രിൻസിപ്പൽ പറയുന്നു.

ആശയവിനിമയത്തിന് കുട്ടികൾക്ക് സാധാരണ സെൽഫോണുകളാണ് രക്ഷിതാക്കൾ നൽകേണ്ടത്. ഇനി സ്മാർട്ട്ഫോണുകൾ നിർബന്ധമാണെങ്കിൽ അവയുടെ ഉപയോഗം സ്കൂളുകളിൽ നിരീക്ഷിക്കുകതന്നെ ചെയ്യുമെന്നും ബനശങ്കരി ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ബി. ഗായത്രിദേവി പറഞ്ഞു.പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾ അവരുടെ യഥാർഥ വയസ്സ് കാണിക്കാതെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങുന്നുണ്ട്. അവർ കൊടുത്ത വയസ്സിനനുസരിച്ചുള്ള കാര്യങ്ങളാണ് ഇതിലൂടെ അവർക്ക് സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ലഭിക്കുക.

ഇതിനാൽ അപരിചിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളാകാൻ സാധ്യതയുണ്ട്. കുട്ടികളെ മറ്റുള്ളവർ ലഹരിക്കടക്കം ദുരുപയോഗിക്കാനും സാധ്യത കൂടുതലാണ്. ചില സ്കൂളുകളിൽ സമൂഹമാധ്യമങ്ങളുടെ നേരായ ഉപയോഗം സംബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക ക്ലാസുകളും നൽകാറുണ്ട്.

കോവിഡിനുശേഷം കുട്ടികളിൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഏറെ കൂടുതലാണെന്നും അവരുടെ മാനസിക, ശാരീരിക പെരുമാറ്റം തന്നെ വ്യത്യസ്തമായിട്ടുണ്ടെന്നും സ്കൂളിൽ ഫോൺ ഉപയോഗം തടഞ്ഞാലും വീടുകളിൽനിന്ന് ഇത്തരം സൗകര്യം ലഭിക്കുന്നുണ്ടെന്നും ഡൽഹി പബ്ലിക് സ്കൂൾ ബോർഡ് ഓഫ് മാനേജ്മെന്‍റ് അംഗം മൻസൂർ അലി ഖാൻ പറഞ്ഞു.കുട്ടികളുടെ സുരക്ഷക്കായി സ്കൂളുകളിൽ ശക്തമായ സൈബർ സുരക്ഷനയം നടപ്പാക്കണമെന്ന് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്മെന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി. ശിവകുമാർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe