സപ്ലൈകോ വഴി എട്ടു ലക്ഷം മെട്രിക്‌ ടൺ നെല്ല്‌ സംഭരിക്കാൻ ഭക്ഷ്യവകുപ്പ്‌

news image
Oct 14, 2022, 4:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: സപ്ലൈകോ വഴി എട്ടു ലക്ഷം മെട്രിക്‌ ടൺ നെല്ല്‌ സംഭരിക്കാൻ ഭക്ഷ്യവകുപ്പ്‌. കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്‌. 2020–-21ൽ 7.65 ലക്ഷം മെട്രിക്‌ ടണ്ണും 2021–-22ൽ 7.48 ലക്ഷം മെട്രിക്‌ ടണ്ണുമാണ്‌ സംഭരിച്ചത്‌. ഇതുവരെ സപ്ലൈകോയുമായി കരാറിൽ ഒപ്പിട്ട അഞ്ച്‌ മില്ലുടമകൾക്ക്‌ 25,000 മെട്രിക്‌ ടൺ നെല്ല്‌ സംഭരണത്തിന്‌ അനുമതി നൽകി. ഔട്ട്‌ ടേൺ റേഷ്യോ കൂട്ടിയതും വെള്ളപ്പൊക്ക നഷ്ടപരിഹാരം ലഭിച്ചില്ലെന്നുംപറഞ്ഞ്‌ ഒരുവിഭാഗം മില്ലുടമകൾ മാറിനിൽക്കുന്നുണ്ട്‌. ഇവർക്ക്‌ നഷ്ടപരിഹാരം ഉടൻ അനുവദിക്കാൻ നടപടി തുടങ്ങി.

ഔട്ട്‌ടേൺ റേഷ്യോ വർധിപ്പിച്ചത്‌ ഹൈക്കോടതിയാണ്‌. ഒരു ക്വിന്റൽ നെല്ല്‌ സംഭരിക്കുമ്പോൾ 68 കിലോ അരി സപ്ലൈകോയ്ക്ക്‌ നൽകണമെന്നാണ്‌ കോടതി ഉത്തരവിട്ടത്‌. നേരത്തെ അത്‌ 64.5 കിലോ ആയിരുന്നു. ഇത്‌ പുനഃസ്ഥാപിക്കാൻ ഇടപെടാമെന്ന്‌ സർക്കാർ മില്ലുടമകൾക്ക്‌ ഉറപ്പുനൽകിയിട്ടുണ്ട്‌. രണ്ടാഴ്‌ചയ്‌ക്കകം കുട്ടനാട്ടിലും മറ്റു ജില്ലകളിലും വ്യാപകമായി കൊയ്‌ത്ത്‌ നടക്കും. ഇടയ്‌ക്ക്‌ പെയ്യുന്ന മഴ ഭീഷണിയാണ്‌. ഈ സാഹചര്യത്തിൽ നെല്ല്‌ സംഭരണം ഊർജിതമാക്കാൻ സപ്ലൈകോയ്‌ക്ക്‌ മന്ത്രി ജി ആർ അനിൽ നിർദേശം നൽകി.

സപ്ലൈകോ വഴിയുള്ള നെല്ല്‌സംഭരണവുമായി അരിമില്ലുടമകൾ സഹകരിക്കണമെന്ന്‌ മന്ത്രി അഭ്യർഥിച്ചു. അഞ്ചുവട്ടം മില്ലുടമകളുമായി ചർച്ച നടത്തിയിരുന്നു.  തുടർന്നും ചർച്ചയ്‌ക്ക്‌ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe