മുംബൈ: ലേല നോട്ടിസിനെ തുടർന്ന് വിവാദമായ ജുഹുവിലെ ബംഗ്ലാവിന്റെ എല്ലാ കുടിശികയും അടച്ചു തീർക്കുമെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോൾ അറിയിച്ചതായി ബാങ്ക് ഓഫ് ബറോഡ. 56 കോടി രൂപ വായ്പാ തിരിച്ചടവുള്ള ബംഗ്ലാവിന്റെ ലേല നോട്ടിസ് പിൻവലിച്ചതിനു മണിക്കൂറുകൾക്കകമാണ് ബാങ്കിന്റെ പ്രസ്താവന. ഓഗസ്റ്റ് 20ന് പുറപ്പെടുവിച്ച നോട്ടിസ് പ്രകാരം ബംഗ്ലാവ് ലേലത്തിനു വയ്ക്കുന്നതിനു മുൻപ് കുടിശിക അടച്ചു തീർക്കണമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം ബാങ്കിനെ സമീപിച്ച് കുടിശിക തീർക്കുമെന്ന് അറിയിച്ചതെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിനെതിരെ ഇന്നലെ ലേല നോട്ടിസ് ഇറക്കുകയും ഇന്ന് അത് പിൻവലിക്കുകയും ചെയ്തത് വൻ വിവാദമായിരുന്നു. ‘സാങ്കേതിക പ്രശ്നങ്ങളാണ്’ നോട്ടിസ് പിൻവലിക്കാൻ കാരണമെന്നാണ് ബാങ്ക് അറിയിച്ചത്. ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചതെന്നതിൽ അദ്ഭുതമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചത്.
56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിനെതിരെ ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. ഓഗസ്റ്റ് 25ന് ഇ–ലേലം നടത്തുമെന്നായിരുന്നു അറിയിപ്പ്. 2022 ഡിസംബർ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശിക വരുത്തിയെന്നാണു ബാങ്ക് പറഞ്ഞിരുന്നത്. 2002ലെ സർഫാസി നിയമം പ്രകാരം ലേലം തടയുന്നതിനായി കുടിശികയുള്ള പണം അദ്ദേഹത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു. സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ബോക്സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനിടെ ലേല നോട്ടിസ് ലഭിച്ചതും തുടർന്നുള്ള വിവാദവും. എൺപത് കോടി രൂപ മുതല്‍മുടക്കുള്ള ചിത്രം ഇതുവരെ 400 കോടി രൂപ നേടിക്കഴിഞ്ഞു.