സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

news image
Jan 20, 2023, 2:11 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, 2 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല 

1. ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കല്‍.
2. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ.
3. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കല്‍, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കല്‍, വ്യാജ ഓര്‍ഗാനിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വില്‍പന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിര്‍മ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ആവശ്യമായ വിവരങ്ങള്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ടും നല്‍കല്‍, കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചുമതലകള്‍ വഹിക്കല്‍ എന്നിവ.

ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര സാഹചര്യത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് ടീം അതിന്റെ അന്വേഷണം, തുടര്‍ നടപടികള്‍, റിപ്പോര്‍ട്ടിങ് എന്നിവ നടത്തേണ്ടതാണ്. ജീവനക്കാര്‍ അവരവരുടെ പ്രവര്‍ത്തനം അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്വത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റതാണ്. ഭക്ഷ്യ വിഷബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരുത്താതെ കമ്മീഷണര്‍ ഓഫീസില്‍ അയക്കേണ്ടതാണ്. 6 മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe