സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

news image
Sep 5, 2026, 1:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഉയർന്ന ചൂട് കാരണം വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചതും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്ക് കാരണം.

​ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരിക്കുകയോ ചെയ്താൽ, വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

​പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നതാണ് ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. വരും ദിവസങ്ങളിലും മഴ മാറിനിൽക്കുകയാണെങ്കിൽ ആവശ്യകത ഇനിയും ഉയർന്നേക്കും. അതിനാൽ വൈകുന്നേരങ്ങളിൽ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe