തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പത്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് നഴ്‌സറിയില്‍ നിന്നെത്തിയ ശേഷം വീട്ടുമുറ്റത്ത് രണ്ട് വയസുള്ള സഹോദരി ദ്രുവികയോടൊപ്പം കളിക്കവേയാണ് ദ്രുവന്‍ കിണറ്റില്‍ വീണത്. സംസാര ശേഷിയില്ലാത്തതിനാൽ ദ്രുവൻ വീണത് ആരും അറിഞ്ഞില്ല.
കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായ കുടുംബം വീടിന് ചുറ്റും അന്വേഷിച്ചു. ഒടുവിൽ കിണറ്റിൽ പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തുന്നത്.
ഒരാഴ്ച മുൻപ് ദ്രുവൻ കിണറ്റിലെറിഞ്ഞ പാവക്കുട്ടിയെ തിരയാനായി കിണറിലേക്ക് നോക്കിയപ്പോഴാകാം അപകടമെന്നാണ് കരുതുന്നത്. അതെടുക്കാൻ കസേര വലിച്ചിട്ട് കിണറിലേക്ക് നോക്കിയെന്ന് സംശയിക്കുന്നു.
അഗ്നിരക്ഷാ സേന സ്ഥലത്തെതിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്നത്. സംഭവം നടക്കുമ്പോൾ പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരിയെ മാത്രമാണ് കണ്ടത്.