കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സമരമുഖത്തുള്ള എസ്എഫ്ഐ പ്രവർത്തകരാണ് ക്യാംപസിൽ ബാനറുകൾ സ്ഥാപിച്ചത്. എസ്എഫ്ഐയെ വെല്ലുവിളിച്ച് ക്യാംപസിലെ ഗെസ്റ്റ് ഹൗസിൽ താമസിക്കുന്ന ഗവർണർ, റോഡിലൂടെ ഇറങ്ങി നടന്ന് തനിക്കെതിരായ ബാനറുകൾ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു.
സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലറോട് (വിസി) വിശദീകരണം ചോദിക്കണമെന്ന് രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ നിർദേശിച്ചു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്നും എന്തുകൊണ്ടു ബാനറുകൾ നീക്കം ചെയ്തില്ലെന്നും അറിയിക്കാനാണ് നിർദേശം.
കഴിഞ്ഞ ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ഗവർണർ മുൻനിശ്ചയിച്ചപ്രകാരം വിവിഐപി ഗെസ്റ്റ് ഹൗസിലെത്തി. ഗവർണർ എത്താറായപ്പോൾ ക്യാംപസ് കവാടത്തിന് അരികെ 100 മീറ്റർ മാറി എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.
ഗവർണർക്കെതിരെ ഇന്നും പ്രതിഷേധിക്കുമെന്ന് ആദ്യം എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. പകരം നാളെ കാലിക്കറ്റ് സർവകലാശാലയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഗവർണർ ഇന്നു കോഴിക്കോട്ട് ഒരു സ്വകാര്യ പരിപാടിയിലാണ് പങ്കെടുക്കുന്നത്. ഇതു കണക്കിലെടുത്താണ് തീരുമാനം.