തിരുവനന്തപുരം : ശ്രീകാര്യത്ത് 17-കാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ പ്രതി ഉമറിന്റെ കാമുകിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളം സ്വദേശിയായ 22-കാരിയെയാണ് രാത്രിയോടെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് യുവതിക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ നേരിട്ട് പങ്കെടുത്ത കാപ്പ കേസ് പ്രതി ഉമറിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കാമുകിയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കൃത്യത്തിന് മുൻപും ശേഷവും അതിക്രൂരമായ കൊലപാതക വിവരങ്ങൾ ഉമർ യുവതിയുമായി പങ്കുവെച്ചിരുന്നതായി പോലീസ് കണ്ടെത്തി. അഭിരാമിനെ സന്ദേശങ്ങളയച്ച് സംഭവസ്ഥലത്തേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തുന്നതിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂടാതെ ഈ യുവതിക്കും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ആക്കുളത്തെ വീട്ടിലെത്തിയാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരുന്ന യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ രണ്ടു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും ഉൾപ്പെടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലാകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി സിറ്റി പോലീസ് അറിയിച്ചു.
