ശ്രമിച്ചത് അഴിമതി തുറന്നുകാട്ടാനെന്നു രാഹുൽ; വിധി അപ്രതീക്ഷിതമെന്ന് കോൺഗ്രസ്

news image
Mar 23, 2023, 7:25 am GMT+0000 payyolionline.in

ന്യൂഡൽഹി∙ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ പറഞ്ഞു. ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പേര്’ എന്ന പരാമർശത്തിൽ, രാഹുലിന് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സാവകാശം നൽകി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.

അതേസമയം, കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുൽ ശബ്ദമുയർത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസിനു തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പരിഹസിച്ചു. രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെ മുഴുവനും പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണെന്ന് ചില കോൺഗ്രസ് എംപിമാർ തന്നോട് പറഞ്ഞുവെന്നും കിരണ്‍ റിജിജു പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. ബിജെപിക്കാരല്ലാത്ത നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമമെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ച് നടത്തിയ പരാമർശത്തിലാണ് രാഹുലിനെതിരെ കോടതിയുടെ നടപടി. ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പൂർണേഷ് മോദി പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe