തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകൾ നവംബർ അഞ്ചിന് മുമ്പ് സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല -മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനതലത്തിൽ ശബരിമല മണ്ഡലകാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്പെഷ്യൽ കോർ ടീമിന് രൂപം നൽകി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കും.
ചീഫ് എൻജിനിയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ പരിശോധന നടത്തി നവംബർ ഒന്നിന് റിപ്പോർട്ട് സമർപ്പിക്കണം. ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർമാർ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഡിസ്പെൻസറികളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കൽ വിഭാഗം ഉറപ്പാക്കും. സിവിൽ, ഇലക്ട്രിക്കൽ പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ നേതൃത്വം നൽകും.
പാലം വിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ പാലങ്ങളുടെ കൈവരികൾ അടക്കമുള്ള സുരക്ഷാപ്രവൃത്തികൾ പരിശോധിക്കും. ശബരിമല തീർഥാടകർ കാൽനടയായി യാത്ര ചെയ്യുന്ന സാഹചര്യമുള്ളതിനാൽ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തി റോഡരികുകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ ജയരാജ്, എംഎൽഎമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.