കല്ലാച്ചി: നാടിനെ കുളിർപ്പിച്ചെത്തിയ ശക്തമായ വേനൽമഴയിൽ കല്ലാച്ചി ടൗൺ വാണിയൂർ റോഡിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് വാണിയൂർ റോഡിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കല്ലാച്ചി ടൗൺ പെട്രോൾ പമ്പ് മുതൽ പഴയ സ്നേഹ ആശുപത്രി കെട്ടിടം വരെയുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ രീതിയിൽ വെള്ളം കെട്ടിനിന്നത്.
റോഡിൽ മുട്ടറ്റം വെള്ളം ഉയർന്നതോടെ വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. മഴയ്ക്ക് മുൻപായി നടക്കേണ്ട അഴുക്കുചാൽ ശുചീകരണം വൈകിയതാണ് ഇത്തരത്തിൽ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകാൻ പ്രധാന കാരണമായത്. ടൗൺ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ തോതിൽ മാലിന്യങ്ങൾ ഓവുചാലിൽ അടിഞ്ഞുകൂടിയതും നീരൊഴുക്ക് തടസ്സപ്പെടുത്തി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ നേരിട്ട സാങ്കേതിക തടസ്സമാണ് ശുചീകരണ പ്രവൃത്തികൾ വൈകാൻ കാരണമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ വിശദീകരിച്ചു. എന്നാൽ ഓവുചാൽ ശുചീകരണം ഉടൻ തന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സഫീറ അറിയിച്ചു. മഴ ശക്തമാകുന്നതിന് മുൻപ് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
