വടകര താഴെ അങ്ങാടി പൈതൃക പദ്ധതിയുടെ പ്രവൃത്തി ഇഴയുന്നു; നാട്ടുകാർ ദുരിതത്തിൽ

news image
May 10, 2026, 4:45 am GMT+0000 payyolionline.in

വടകര: ചരിത്രപ്രസിദ്ധമായ വടകര താഴെ അങ്ങാടിയെ പൈതൃക നഗരമായി മാറ്റാനുള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീളുന്നതിൽ പരാതി വ്യാപകമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ റംസാൻ വ്രതം ആരംഭിക്കുന്നതിന് മുൻപ് പണി പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ നിലവിൽ ഓവുചാലിന്റെ പ്രവൃത്തി പോലും പൂർത്തിയാകാത്ത അവസ്ഥയിലാണ്.

 

​തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 1.46 കോടി രൂപ ചെലവഴിച്ചാണ് താഴെ അങ്ങാടിയിലെ പ്രധാന കച്ചവട കേന്ദ്രമായ കോതിബസാർ പൈതൃക തനിമയോടെ വികസിപ്പിക്കുന്നത്. മനാർമുക്ക് മുതൽ മുകച്ചേരി ഡിസ്പെൻസറി വരെയുള്ള റോഡ് നവീകരണമാണ് ഒന്നാം ഘട്ടത്തിൽ നടക്കുന്നത്. ആറുമീറ്റർ വീതിയുള്ള റോഡും ഇരുവശങ്ങളിലും നടപ്പാതകളും വിളക്കുകളും സ്ഥാപിച്ച് മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നത്.

 

​ *അപകടഭീഷണി ഉയർത്തി കുഴികൾ*

 

ഓവുചാൽ നിർമ്മാണത്തിനായി റോഡരികിൽ എടുത്തിട്ടുള്ള കുഴികൾ നിലവിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. പലയിടങ്ങളിലും കുഴികൾ മൂടാതെ പലകകളും ഷീറ്റുകളും ഇട്ടിരിക്കുകയാണ്. എം.യു.എം. സ്കൂൾ, തണൽ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ പാതയിൽ കാൽനടയാത്രക്കാരും വാഹനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്നു. നിർമ്മാണ സാമഗ്രികൾ അശ്രദ്ധമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് കാരണം വലിയ തോതിലുള്ള പൊടിശല്യവും അനുഭവപ്പെടുന്നുണ്ട്.

 

​ *ടൂറിസം വികസനത്തിന് തിരിച്ചടി*

 

പദ്ധതി പൂർത്തിയായാൽ സാൻഡ്ബാങ്ക്സ്, ചുങ്കം ബീച്ച് എന്നിവയെ താഴെ അങ്ങാടിയുമായി ബന്ധിപ്പിച്ച് വലിയൊരു ടൂറിസം ശൃംഖല തന്നെ രൂപപ്പെടുമെന്നാണ് പ്രതീക്ഷ. പുരാതന പാണ്ടികശാലകൾ, പഴയ വീടുകൾ, ആന്റിക് ഷോപ്പുകൾ തുടങ്ങിയവ സംരക്ഷിക്കുന്നതിലൂടെ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. എന്നാൽ പ്രവൃത്തി വൈകുന്നത് ഈ മേഖലയുടെ വികസന സാധ്യതകൾക്ക് തടസ്സമാകുന്നു. താഴെ അങ്ങാടിയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ഈ പദ്ധതി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe