വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; കേസായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

news image
Jun 24, 2023, 2:03 pm GMT+0000 payyolionline.in

പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞുവെന്നും നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നൽകിയതായി പ്രോസിക്യൂഷൻ മണ്ണാർക്കാട് കോടതിയെ അറിയിച്ചു. അതേസമയം, വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പൊലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാൻ നിർദേശിച്ചു.

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താൻ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ തുടക്കത്തിലേ എതിർത്തത്. വ്യാജരേഖയുടെ അസ്സൽ പകർപ്പ് അവർ നശിപ്പിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെൻ്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

തുടർന്ന് പ്രിൻ്റെടുത്ത ശേഷം അതിൻ്റെ പകർപ്പാണ് അട്ടപാടി കോളേജിൽ നൽകിയത്. പിടിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ ആദ്യം എടുത്ത പ്രിൻ്റ് കീറി കളഞ്ഞു. കരിന്തളം കോളേജിത് തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിർമ്മിക്കുകയായിരുന്നെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എന്നാൽ, അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ല, ആരോഗ്യം, സ്ത്രി എന്ന പരിഗണന വേണം തുടങ്ങിയവയായിരുന്നു വിദ്യയുടെ വാദം. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേരളം വിട്ടുപോകരുതെന്നതടക്കം നിർദേശമുണ്ട്.

7 വർഷത്തിൽ താഴെ തടവ് ലഭിക്കുന്ന കുറ്റത്തിന് തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നതടക്കമുള്ള സുപ്രീംകോടതി വിധി  പ്രതിഭാഗം ചൂണ്ടിക്കട്ടി. അതേസമയം, കരിന്തളം കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ മണ്ണാർക്കാട് കോടതി നീലേശ്വരം പൊലീസിന് അനുമതി നൽകി. എന്നാൽ  വിദ്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 3 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. കോടതിയിൽ നിന്നും പുറത്തിറങ്ങിയ വിദ്യ പ്രതികരിച്ചില്ല. കരിന്തളം കോളേജിൽ സമർപ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നൽകിയത്. മൊബൈൽ ഫോണിൽ വ്യാജ രേഖ ഉണ്ടാക്കിയ രീതി വിദ്യ പൊലീസിന് വിവരിച്ചു.അതിൻ്റെ വീഡിയൊ പൊലീസ് കോടതിയിൽ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe