വീട്ടമ്മ അനധികൃത മദ്യവിൽപന നടത്തുന്നുവെന്ന്; അയൽവാസികൾ വീട് ഉപരോധിച്ചു

news image
Nov 22, 2022, 12:00 pm GMT+0000 payyolionline.in

ആലുവ: വീട്ടമ്മ അനധികൃത മദ്യവിൽപന നടത്തുന്നതായി ആരോപിച്ച് പ്രദേശവാസികളായ വീട്ടമ്മമാർ വീട് ഉപരോധിച്ചു. ആലുവ നഗരസഭ 17-ാം വാർഡിലാണ് പരസ്യമായി മദ്യവിൽപന നടത്തുന്നതായി പരിസരവാസികൾ ആരോപിക്കുന്നത്.

എക്സൈസിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് വീട്ടമ്മമാർ വീട് ഉപരോധിച്ചത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മദ്യവിൽപന തുടർന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് ഇവർക്ക് താക്കീത് നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ ഉപരോധം പിൻവലിച്ചു.

മകൻ കടുത്ത മദ്യപാനിയാണെന്നും കരൾ രോഗത്തെത്തുടർന്ന് കിടപ്പിലായ മകനുവേണ്ടിയാണ് മദ്യം വാങ്ങുന്നതെന്നും വീട്ടമ്മ പറഞ്ഞു. ശേഷിക്കുന്ന മദ്യം വിൽപന നടത്താറുണ്ടെന്നും ഇവർ പരസ്യമായി പറഞ്ഞു.

അതേസമയം, പരിസരത്ത് സന്ധ്യ മയങ്ങിയാൽ ലഹരിവിൽപന സജീവമാണെന്ന് നാട്ടുകാർ പറയുന്നു. ബീവറേജിൽ ക്യൂനിന്ന് മദ്യം വാങ്ങി അതിൽ വ്യാജമദ്യം കൂട്ടി കലർത്തിയാണ് വിൽപന നടത്തുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ മദ്യം വാങ്ങാൻ പലരുമെത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

ലഹരിക്കെതിരെ ബോധവത്കരണത്തിന് എക്സൈസും പൊലീസും രംഗത്തുവരുമെങ്കിലും അനധികൃത മദ്യവിൽപന ചൂണ്ടിക്കാട്ടിയാലും ഇക്കൂട്ടർ നടപടിയെടുക്കാൻ മടികാണിക്കുകയാണെന്നതാണ് പരാതി. സമരത്തിന് വാർഡ് കൗൺസിലർ ലീനാ വർഗീസ്, എ.ഡി.എസ് ചെയർപേഴ്സൻ ഷംനാ മജീദ്, വൈസ് ചെയർപേഴ്സൻ ബിൻസി ബാബു, സ്നേഹ രഞ്ജിത് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe