വിവാഹമോചനം റദ്ദാക്കും, മുൻ‌ഭർത്താക്കന്മാരുടെ അടുത്തേക്ക് തിരികെ ചെല്ലാൻ സ്ത്രീകളോട് താലിബാൻ

news image
Mar 6, 2023, 8:59 am GMT+0000 payyolionline.in

തികച്ചും മനുഷ്യത്വരഹിതമായ നടപടികളിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കി മാറ്റുകയാണ് അഫ്​ഗാനിസ്ഥാനിൽ താലിബാൻ. ഇപ്പോഴിതാ, ഭർത്താവിന്റെ ക്രൂരതകൾ കാരണം വിവാഹമോചനം നേടിപ്പോയ സ്ത്രീകളോട് തിരികെ അതേ ഭർത്താവിന്റെ അടുത്തേക്ക് ചെല്ലാൻ ആവശ്യപ്പെടുകയാണ് താലിബാൻ. ഇതിന് വേണ്ടി വിവാഹമോചനം റദ്ദ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ യുഎസ്സിന്റെ പിന്തുണയോടെയുള്ള അഫ്​ഗാൻ സർക്കാർ നിയമപരമായ വിവാഹമോചനം അനുവദിച്ചിരുന്നു. ഇപ്പോൾ ഇതേ സ്ത്രീകളെ ഭർത്താക്കന്മാരുടെ അടുത്തേക്ക് തിരികെ അയക്കുകയാണ് താലിബാൻ ചെയ്യുന്നത് എന്ന് അഭിഭാഷകർ എഎഫ്‍പിയോട് പറഞ്ഞു. രാജ്യത്തെ യുഎൻ മിഷൻ പറയുന്നത്, ഇവിടെ പത്തിൽ ഒമ്പത് സ്ത്രീകളും അവരുടെ പങ്കാളികളിൽ നിന്നും ശാരീരികമോ, ലൈം​ഗികമോ, മാനസികമോ ആയ അക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നാണ്. എന്നാൽ, അതേ സമയം തന്നെ സമൂഹത്തിൽ വിവാഹമോചനത്തെ അം​ഗീകരിച്ചിരുന്നും ഇല്ല.

 

അതുപോലെ ഒരു സ്ത്രീ ആണ് മർവ (പേര് സാങ്കൽപികം). അവൾക്ക് മുൻഭർത്താവിന്റെ അക്രമത്തിൽ തന്റെ പല്ലുകളെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും അവൾ അതേ ആളുടെ അടുത്തേക്ക് മടങ്ങാൻ നിർബന്ധിത ആയിരിക്കുകയാണ്. എന്നാൽ, അതിന് തയ്യാറല്ലാത്ത മർവ തന്റെ ആറ് പെൺമക്കളോടും രണ്ട് ആൺമക്കളോടും ഒപ്പം നൂറുകണക്കിന് മൈലുകൾ അകലെയുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. തന്നെയും കുട്ടികളെയും മുൻഭർത്താവ് കണ്ടുപിടിക്കുമോ എന്ന ഭയത്തിലാണ് ഇപ്പോൾ മർവ കഴിയുന്നത്.

മുൻ ഭരണകൂടമുണ്ടായിരുന്ന സമയത്ത് വിവാഹമോചന നിരക്കുകൾ വർധിച്ചിരുന്നു. പ്രത്യേകിച്ച് വനിതാ ജഡ്ജിമാരുടേയും അഭിഭാഷകരുടേയും അടുത്ത് ചെല്ലാൻ സ്ത്രീകൾക്ക് ഭയം കുറവായിരുന്നു. എന്നാൽ, 2021 ആഗസ്തിൽ താലിബാൻ ഭരണത്തിലേറിയതോടെ എല്ലാം അവസാനിക്കുകയും സ്ത്രീകളുടെ ജീവിതം നരകതുല്യമായി മാറുകയും ചെയ്യുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe