പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലേക്ക് സർക്കാർ അനുവദിച്ച 108 ആംബുലൻസുകളുടെ സർവീസ് ആരംഭിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, നൊച്ചാട്, അരിക്കുളം എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കാണ് ആംബുലൻസുകൾ അനുവദിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 12 മണിക്കൂർ വീതവും ആംബുലൻസിന്റെ സൗജന്യ സേവനം ലഭ്യമാകും.
പേരാമ്പ്ര ടൗൺഹാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹിലിയ ആംബുലൻസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, ഷിജി കൊട്ടാരക്കൽ, രമണി എന്നിവരും ജനപ്രതിനിധികളായ രാജൻ മരുതേരി, സന്തോഷ് കോശി, ആർ.കെ. രജീഷ് കുമാർ, വി.വി.എം. ബഷീർ, വി.കെ. നാസിദ, ജസീല വാഴയിൽ, അരവിന്ദൻ തുടങ്ങിയവരും സംബന്ധിച്ചു. ഡി.പി.എം. ഡോ. അഫ്സൽ, ഡോ. വിഭ, ഡോ. രാജു രാഘവൻ, മനോജ് എടച്ചേരി, പി. വാസു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
