വില്ല്യാപ്പള്ളി: വീടിന് തീ പിടിച്ച് ഗൃഹനാഥ മരിച്ചതിൻ്റെ ഞെട്ടലിൽ നാട്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം വീടിന് തീ പിടിച്ച് കായൽ താഴ കുനിയിൽ നാരായണി (80) മരിച്ചത്. സംഭവം നടക്കുമ്പോൾ നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.അപകടകാരണം വ്യക്തമല്ല.
ഇരുനില വീടിൻ്റെ താഴത്തെ ഭാഗം സെൻട്രൽ ഹാളിലാണ് തീ പടർന്നത്. ഹാളിലുണ്ടായിരുന്ന സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ കത്തി നശിച്ചു. മുൻ ഭാഗത്തെ രണ്ടും പിറക് വശത്തെ ഒന്നും ജനലുകളും, മുൻവശത്തെ കട്ടിലയും ഹാളിൽ നിന്നും മറ്റൊരു മുറിയിലേക്കുള്ള കട്ടിലയും കത്തി നശിച്ചു. ജനലിന്റെ ചില്ലുകൾ ചൂടേറ്റ് പൊട്ടിയ നിലയിലാണുള്ളത്.
കോൺക്രീറ്റിലെ ഇൻഡീരിയൽ വർക്കുകളും കത്തി നശിച്ച നിലയിലാണ്. അപകട സമയത്ത് നാരായണിയുടെ മകൻ്റെ ഭാര്യയും മകളും അയൽപക്കത്തെ വീട്ടിലായിരുന്നു. പുക ഉയരുന്നത് കണ്ടാണ് ഇവർ വീട്ടിലേക്ക് എത്തിയത്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തീ അണക്കുകയായിരുന്നു. ശക്തമായ ചൂടിലും പുകയിലും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചതിനാൽ ഓടിയെത്തിയവർക്ക് സമീപത്തേക്ക് എത്താൻ കഴിയാത്ത നിലയിലായിരുന്നു.

നാരായണി