വിദ്യ മുൻപ് ജോലി നേടിയതും മഹാരാജാസ് കോളേജ് വ്യാജരേഖ ഉപയോഗിച്ച്: സ്ഥിരീകരിച്ച് കോളേജ് മേധാവി

news image
Jun 6, 2023, 1:13 pm GMT+0000 payyolionline.in

കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ മുൻപും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു.

മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി.

മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുൻപ് ജോലി ചെയ്ത കരിന്തളം ഗവൺമെന്റ് കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം വരും. അതേസമയം വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe