തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സമഗ്ര ഡിജിറ്റലൈസേഷൻ ദ്രുതഗതിയിൽ. സർവീസ് ഓപ്പറേഷൻ വിഭാഗം ഡിജിറ്റലൈസേഷൻ അവസാന ഘട്ടത്തിലാണ്. വരവ് ചെലവ് കണക്കുകളുടെ ഡിജിറ്റലൈസേഷനും ഉടൻ നടക്കുമെന്നാണ് വിവരം.
പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ആരംഭിച്ച കെഎസ്ആർടിസിയിലെ സമഗ്ര ഡിജിറ്റലൈസേഷനാണ് ശക്തമായി മുന്നോട്ടുപോകുന്നത്. ഡിജിറ്റലൈസേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കുക സർവീസ് ഓപ്പറേഷൻ വിഭാഗത്തിൽ ആയിരിക്കും. ഡിജിറ്റലൈസേഷൻ ട്രയൽ ഇതുവരെ 4 ഡിപ്പോകളിൽ പൂർത്തിയാക്കിയത്തോടെ ഓപ്പറേഷൻ വിഭാഗത്തിലെ ഡിജിറ്റലൈസേഷൻ അവസാന ഘട്ടത്തിലാണ്. കൂടാതെ പദ്ധതിയുടെ ഭാഗമായ കമ്പ്യൂട്ടറൈസേഷനും ഉദ്യോഗസ്ഥ പരിശീലനവും കെഎസ്ആർടിസി പൂർത്തിയാക്കിയിട്ടുണ്ട്.
യാത്രികർക്ക് ബസ്സിന്റെ യാത്രാസമയം മനസ്സിലാക്കാൻ ഡിപ്പോകളിൽ ഡിജിറ്റൽ എൽഇഡി ഡിസ്‌പ്ലേകൾ സ്ഥാപിക്കുന്ന നടപടിയിലേക്കും ഉടൻ കെഎസ്ആർടിസി കടക്കും. സർക്കാറിന് കീഴിലെ ഏറെ പഴക്കമുള്ളതും ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നതുമായ സ്ഥാപനം ഡിജിറ്റലൈസ് ചെയ്യണമെന്ന ആവശ്യം നേരത്തെ മുതൽ ശക്തമാണ്.
