കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥസ്ഥിതി അനുസരിച്ചാണ് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം.