കുറ്റ്യാടി: വട്ടോളിയിലുള്ള കുന്നുമ്മൽ പഞ്ചായത്ത് വനിത സഹകരണ ബാങ്കിൽ മോഷണശ്രമം. ഗ്രിൽസും ഷട്ടറും തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. സ്ട്രോങ്ങ് റൂം തുറക്കാൻ കഴിഞ്ഞില്ല. ബാങ്കിൽ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറ സ്റ്റോറേജും മറ്റും നഷ്ടപ്പെട്ടു. പാതിരിപ്പറ്റ റോഡിന്റെ ഭാഗത്തുള്ള ഗോവണി വഴിയാണ് ഒന്നാം നിലയിലുള്ള ബാങ്കിൽ മോഷ്ടാവ് കയറിയത്. ഫിംഗർ പ്രിന്റ് വിദഗ്ധൻ ജിജീഷ് പ്രസാദ്, എഎസ്ഐ ജീവരാജ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ടി.പി.രാജീവന്റെ മലഞ്ചരക്ക് കടയിൽ നിന്നു രണ്ടര ചാക്ക് അടയ്ക്ക മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിനും അടുത്തുള്ള 3 കടകളുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം നടന്നു. മോഷണം വ്യാപകമായതോടെ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.