തുറയൂർ: കെട്ടുമ്മൽ – പയ്യോളി അങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ തുറയൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും റോഡിന്റെ വികസന കാര്യത്തിൽ പഞ്ചായത്ത് അധികൃതർ അവഗണനയാണ് കാട്ടുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.
ബി.ജെ.പി. നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് ബി.ജെ.പി. പ്രസിഡന്റ് പിലാച്ചേരി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റ് ബാബുരാജ് ചെറുകുന്നുമ്മൽ സ്വാഗതം പറഞ്ഞു.
കെ.വി. കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ തണൽ, ടി.കെ. ബാലൻ, ഗോപി വി.പി, കെ.വി. കുഞ്ഞിരാമൻ തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറി കൊടലൂർ ബാബു നന്ദി രേഖപ്പെടുത്തി.
