റേഷൻ കാർഡ് തരംമാറ്റൽ നടപടികൾ ആരംഭിച്ചു; ആദായനികുതി അടയ്ക്കുന്നവരും ഉയർന്ന വരുമാനക്കാരും മുൻഗണനാ പട്ടികയ്ക്ക് പുറത്തേക്ക്

news image
Sep 24, 2026, 4:26 am GMT+0000 payyolionline.in

മുൻഗണനാ വിഭാഗങ്ങളിലെ (മഞ്ഞ – എ.എ.വൈ, പിങ്ക് – പി.എച്ച്.എച്ച്) അനർഹരെ കണ്ടെത്തി റേഷൻ കാർഡുകൾ വെള്ള കാർഡിലേക്ക് തരംമാറ്റുന്ന നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരും നിശ്ചിത പരിധിയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരും ഉൾപ്പെട്ട കുടുംബങ്ങളെയാണ് തരംമാറ്റുന്നത്.

ആദായനികുതി റിട്ടേണുമായി ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഈ ഡാറ്റ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. സെല്ലിന് കൈമാറിയിരുന്നു. ഇതിൽനിന്ന് എ.ഐ. (AI) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മുൻഗണനാ കാർഡുകളിലെ അനർഹരെ കണ്ടെത്തിയത്. വാർഷിക വരുമാനം മൂന്ന് ലക്ഷ രൂപയ്ക്ക് മുകളിലുള്ളവരുടെ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറി. ഇതിനുപുറമേ ഭൂമി, വാഹനം, വായ്പകൾ, ജി.എസ്.ടി. രജിസ്ട്രേഷൻ, ഇ.പി.എഫ്.ഒ. ഉൾപ്പെടെ പത്തിലധികം മേഖലകളിൽ നിന്നുള്ള വിവരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. സിവിൽ സപ്ലൈസ് അധികൃതർ ഫോണിൽ വിളിച്ച് പുനഃപരിശോധന നടത്തിയ ശേഷമായിരിക്കും കാർഡുകൾ തരംമാറ്റുക.

സർക്കാർ/പൊതുമേഖലാ ജോലിയുള്ളവരും ഉയർന്ന വരുമാനമുള്ളവരുമായ മക്കൾ വിവാഹശേഷവും കുടുംബ റേഷൻ കാർഡിൽ തുടർന്നുപോരുന്നത് അർഹരായ മറ്റ് അംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത്തരക്കാർ റേഷൻ കാർഡ് വിഭജിച്ച് മാറുകയോ അല്ലെങ്കിൽ കാർഡ് വെള്ളയിലേക്ക് തരംമാറ്റുകയോ ചെയ്യണം. സമയം അനുവദിച്ചിട്ടും വ്യാജ വിവരങ്ങൾ നൽകി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe