റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം; സർക്കാരിനോട് വിശദീകരണം തേടി ഹെെക്കോടതി

news image
Jun 4, 2026, 12:14 pm GMT+0000 payyolionline.in

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌മെന്റ് ഡയറകട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

കേസ് സിബിഐ അന്വേഷിക്കുന്നതെന്തിനാണെന്ന ചോദ്യവും ഹർജിക്കാരനോട് ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. ഫെഡറൽ ഘടനയിൽ സംസ്ഥാന പൊലീസ് ആണ് കേസ് അന്വേഷിക്കേണ്ടത്. പൊലീസ് അന്വേഷിക്കരുതെന്ന് പറയുന്നത് അപക്വമാണ്. സംഭവം കഴിഞ്ഞിട്ട് പത്ത് ദിവസത്തിൽ താഴെ മാത്രമേ ആയുള്ളൂ. പത്ത് ദിവസത്തിനകം പൊലീസ് നടപടിയെടുക്കണമെന്ന് എങ്ങനെ പറയാനാകുമെന്നും ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.

സുതാര്യമായ അന്വേഷണം നടന്നില്ലെങ്കിൽ മാത്രമാണ് സിബിഐ അന്വേഷണം അനിവാര്യമാകുന്നത്. ഹർജിക്കാരൻ ഏറെ നേരത്തെയാണ് സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പൊതുതാൽപര്യ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe