ന്യൂഡൽഹി / ദുബായ്: സന്ദർശക വീസയിൽ എത്തുന്ന ഇന്ത്യക്കാർക്കും യുഎഇയിലെ താമസ വീസക്കാർക്കും (എൻആർഐ) ഇനി മുതൽ ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താം. നെറ്റ്വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നു. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്വർക്കും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്.
ദുബായിയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തി. പുതിയ സംവിധാനം നിലവിൽ വന്നതോടെ യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് രൂപ ദിർഹത്തിലേക്കു മാറ്റി കൊണ്ടുപോകേണ്ടതില്ല. നാട്ടിലെ എടിഎം കാർഡ് ഉപയോഗിച്ചോ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്തോ പണമിടപാട് നടത്താം. നെറ്റ്വർക്ക് ഇന്റർനാഷനലിനു 2 ലക്ഷത്തിലേറെ പിഒഎസ് മെഷീനുകളുണ്ട്.
സന്ദർശക വീസയിൽ വരുന്നവർ ഇവിടെ ചെലവഴിക്കാൻ ദിർഹത്തിൽ നിശ്ചിത തുക കയ്യിൽ കരുതണമെന്നാണ് നിലവിലുള്ള നിയമം. ഇനി, തുല്യമായ തുകയ്ക്ക് ഇന്ത്യൻ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ എടിഎം കാർഡും അക്കൗണ്ട് സ്റ്റേറ്റ്ന്റും കൈവശം കരുതി യാത്ര ചെയ്യാം. രൂപയിൽ നിന്നു ദിർഹത്തിലേക്ക് എക്സ്ചേഞ്ച് ചെയ്യുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.