മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ‘കൊള്ളവില’; 25 കേസുകൾ രജിസ്റ്റർ ചെയ്തു, തുടർപരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

news image
Sep 11, 2026, 5:11 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ മൾട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണ ശാലകളിൽ വ്യാപക ക്രമക്കേട് 25 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലെ മൾട്ടിപ്ലക്‌സുകളിൽ ഇതുവരെ നടന്ന 35 പരിശോധനകളിൽ നിന്നാണ് 25 കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ ലീഗൽ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാല് കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ട് കേസും രജിസ്റ്റർ ചെയ്തു.

ഇന്നലെ കൊല്ലത്ത് മൾട്ടിപ്‌ളക്‌സ് തിയറ്റേറിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു കേസ് രജിസ്റ്റർ ചെയ്തു. ഇവിടത്തെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഐസ്‌ക്രിമിൽ മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി. കാലവധി കഴിഞ്ഞതും അല്ലാത്തവയും ഒന്നിച്ചു സൂക്ഷിച്ച നിലയിലായിരുന്നു. നടത്തിപ്പുകാരന് കനത്ത പിഴ ചുമത്തുന്നതിൻറെ ഭാഗമായി നോട്ടീസ് നൽകി. പോപ്‌കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു.

ലീഗൽ മെട്രാളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കി. ഇതിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ വില്പന നടത്തിയതിൽ വ്യാപകമായി കുറവ് കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി ആക്ട് 2009 സെക്ഷൻ 30 പ്രകാരം അളവിൽ കുറവ് വിൽപ്പന നടത്തിയതിന് ഇതുവരെ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുന്നത് പരിശോധിച്ചുവരുന്നു. പോപ്‌കോണിന് 75 ഗ്രാം അളവ് പ്രഖ്യാപിച്ചിരുന്നതിൽ 25 ഗ്രാം വരെ കുറവും 450 മില്ലിഗ്രാം വരെയും ശീതള പാനീയത്തിൽ 35 മി.ഗ്രാം വരെയും കുറവു കണ്ടെത്തി. ത്രാസുകൾ കൃത്യത ഉറപ്പുവരുത്തി മുദ്രവച്ച് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്നാണു ചട്ടം. ഇതു പാലിക്കാത്തതിനെതിരേ 3 തീയറ്ററുകൾക്കെതിരെ സെക്ഷൻ 24, 33 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് 6 (1) പ്രകാരം നിർദ്ദിഷ്ട പ്രഖ്യാപനങ്ങൾ ഇല്ലാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. അളവ് കൃത്യമായി പറയാതെ ലാർജ്, മീഡിയം, സ്മാൾ എന്നിങ്ങനെ നോൺ സ്റ്റാൻഡേർഡ് ആയി വിൽപ്പന നടത്തുന്നതിന് ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 34 പ്രകാരം ആകെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൾട്ടിപ്ലക്‌സുകളിൽ മതിയായ രീതിയിൽ കുടിവെള്ളം വയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

തുടർപരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
മൾട്ടിപ്ലക്‌സുകളിൽ തുടർപരിശോധനകൾ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിയമലംഘനങ്ങൾ ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഇംപ്രൂവ്‌മെൻറ് നോട്ടീസ് നൽകിയിട്ടുള്ള കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ കേസ് രജിസ്റ്റർ ചെയ്തു നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മൾട്ടിപ്ലക്‌സുകൾ, സിനിമ തിയേറ്റർ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നു എന്നും കൃത്യമായ അളവിൽ ലഭിക്കുന്നില്ല എന്നുമുള്ള വ്യാപകമായ പരാതിയെ തുടർന്നാണു ഭക്ഷ്യ, ലീഗൽ മെട്രോളജി, ഉപഭോക്തൃകാര്യ വകുപ്പുകൾ സംസ്ഥാനമൊട്ടാകെ മിന്നൽ പരിശോധനകൾ നടത്തിവരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe