കൊച്ചി: മർദനം തടയാൻ ശ്രമിച്ചതിനും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനും ദമ്പതികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ് (48) ആണ് പോലീസിന്റെ പിടിയിലായത്. മാമലക്കണ്ടം സ്വദേശിയായ എൽദോസിനും ഭാര്യക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പ്രതി മറ്റൊരാളെ മർദിക്കുന്നത് കണ്ട എൽദോസ് അത് തടയുകയും ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ കുട്ടമ്പുഴ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കുട്ടമ്പുഴ ഇൻസ്പെക്ടർ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.കെ. രാജേഷ്, പി.എ. സിബി, എ.എസ്.ഐമാരായ കെ.പി. സജി, ഷിനോജ്, ടി.പി. ജോളി, ബേസിൽ ജോസഫ്, സി.പി.ഒമാരായ എ.ജെ. ജിസ്മോൻ, പി.കെ. ജയൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
