മോഷണവും കള്ളന്‍റെ വീട്ടുപേരും തമ്മിലൊരു വല്ലാത്ത സാമ്യം; ഉറക്കം കളഞ്ഞ ചാലക്കുടിയിലെ ‘വെറൈറ്റി കള്ളൻ’ കുടുങ്ങി

news image
May 23, 2023, 5:04 pm GMT+0000 payyolionline.in

തൃശൂര്‍: പലതരം കള്ളന്മാരെ കുറിച്ചുള്ള കഥ നാട്ടിൽ കേള്‍ക്കാറുണ്ട്. കള്ളന്മാര്‍ക്ക് പല രീതികളുമുണ്ട്. സ്വര്‍ണം മാത്രം മോഷ്ടിക്കുന്നവര്‍, പണം മാത്രം കക്കുന്നവര്‍, അടച്ചിട്ട വീട്ടില്‍ മാത്രം കയറുന്നവര്‍, മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ എന്നിങ്ങനെ മോഷ്ടാക്കളില്‍ വരെ നിരവധി വെറൈറ്റികളുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ചാലക്കുടിയിലെ ഒരു കള്ളന്‍. കാരണം എന്താണന്നല്ലേ… വിളവെടുപ്പിന് പാകമായ വാഴക്കുലകള്‍ മാത്രമാണ് ഇയാള്‍ മോഷ്ടിക്കുക, അതും തോട്ടങ്ങളില്‍ എത്തി കുലയുമായി മുങ്ങും.

ഇതോടെ കര്‍ഷകര്‍ ദുരിതത്തിലായി. വാഴക്കള്ളനെ എങ്ങനെയിങ്കിലും പൂട്ടിയില്ലെങ്കില്‍ മാസങ്ങളുടെ അധ്വാനം മറ്റൊരുത്തന്‍ അടിച്ചുമാറ്റുമെന്ന അവസ്ഥയിലായി. ഇതോടെ കര്‍ഷകര്‍ ഉറക്കമൊഴിച്ച് കാത്തിരുന്നു. അവസാനം മോഷ്ടാവ് പിടിയിലുമായി. തോട്ടങ്ങളില്‍ നിന്ന് സ്ഥിരമായി മോഷ്ടിക്കുന്ന വിരുതനെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേച്ചിറ സ്വദേശി കദളിക്കാടന്‍ വീട്ടില്‍ സുരേഷ് (60) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കോര്‍മല സ്വദേശി വടാശേരി വീട്ടില്‍ ഔസേപ്പിന്റെ മേച്ചിറയിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് പതിനായിരം രൂപയോളം വിലമതിക്കുന്ന 25 വാഴക്കുലകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഔസേപ്പ് രാവിലെ നല്കിയ പരാതിയെ തുടര്‍ന്ന് എസ്ഐമാരായ ഷബീബ് റഹ്മാന്‍, ഡേവീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പ്രതി പിടിയിലാവുകയും ചെയ്തു. മോഷ്ടിച്ച വാഴക്കുലകള്‍ നായരങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിലാണ് വില്‍പ്പന നടത്തിയത്. ഇതിന് മുമ്പും പ്രതി സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുള്ളതായും പൊലീസ് അറിയിച്ചു.

അതേസമയം, മരണവീട്ടില്‍ സഹായത്തിനായി എത്തി മോഷണം നടത്തിയ പ്രതിയും തൃശൂരില്‍ അറസ്റ്റിലായി.  ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പൊലീസ് പിടികൂടിയത്. മരണ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതി മോഷ്ടിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വടക്കേക്കാട് പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ ജനുവരി രണ്ടിന് വൈകിട്ടാണ് സംഭവം നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe