തിരുവനന്തപുരം∙ മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് നിർദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി.ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്.
പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുൻപും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല.