പയ്യോളി: വായന വാരാചരണത്തോടനുബന്ധിച്ച് മേലടി എം.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ പയ്യോളി നഗരസഭ സി.എച്ച്. മുഹമ്മദ് കോയ സ്മാരക പബ്ലിക് ലൈബ്രറി സന്ദർശിച്ചു. കുട്ടികളിൽ പുസ്തകങ്ങളോട് ആഭിമുഖ്യം വളർത്തുന്നതിനും ലൈബ്രറിയുടെ പ്രവർത്തന രീതികൾ നേരിട്ടറിയുന്നതിനുമായാണ് സന്ദർശനം സംഘടിപ്പിച്ചത്.
ലൈബ്രറിയിലെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും അധികൃതർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യ വിഭാഗം ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി. പുസ്തകങ്ങൾ തിരഞ്ഞെടുക്കേണ്ട രീതികളെക്കുറിച്ചും ലൈബ്രറി അംഗത്വത്തെക്കുറിച്ചും നഗരസഭ ലൈബ്രേറിയൻ ഇസ്മത്ത് ഇ.സി. കുട്ടികളോട് വിശദീകരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
നാലായിരത്തോളം പുസ്തകങ്ങളുള്ള നഗരസഭ ലൈബ്രറി സന്ദർശിച്ചതിന്റെ ഭാഗമായി വിദ്യാർഥികൾ ലൈബ്രറിയിൽ അംഗത്വവുമെടുത്തു. കുട്ടികൾക്കുള്ള മെമ്പർഷിപ്പ് വിതരണം പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ലൈബ്രറി പ്രവർത്തക സമിതി പ്രസിഡന്റുമായ ശ്രീമതി. ഹൈറുന്നിസ പി.എം. നിർവഹിച്ചു. ചടങ്ങിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ കുട്ടികളോട് സംസാരിച്ചു. പ്രവർത്തക സമിതി അംഗം എം.സി. ബഷീറും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സ്കൂൾ അധ്യാപകരായ ഷമീർ എം., നിമിഷ ടി.വി., മേരി ജനീവ എന്നിവരാണ് വിദ്യാർഥികളുടെ ലൈബ്രറി സന്ദർശനത്തിന് നേതൃത്വം നൽകിയത്.
