മേപ്പയ്യൂർ: പതിനാല് വയസ്സിനുതാഴെയുള്ള അർഹതപ്പെട്ട അനാഥരായ കുട്ടികൾക്ക് സാമ്പത്തികവും,സാമൂഹ്യവും,വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ ഇടപെട്ട് സഹായം നൽകി വരുന്ന ഇക്രാം സാംസ്കാരിക സംഘടനയിലെ സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത വർണ്ണ ശഭളമായ ചടങ്ങിന് മേപ്പയ്യൂർ ടി.കെ കൺവൻഷൻ സെന്റർ സാക്ഷിയായി.മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ ഇമ്പിച്ച്യാലി സിതാര അധ്യക്ഷനായി. സാബിഖ് പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ എം.വി മുഹമ്മദ് ബഷീർ സ്വാഗതവും,വനിതാ വിംഗ് ജനറൽ കൺവീനർ ടി ജമീല നന്ദിയും പറഞ്ഞു. മേപ്പയ്യൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ,ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി,ഫെഡറൽ ബാങ്ക് മേപ്പയ്യൂർ ബ്രാഞ്ച് മാനേജർ പ്രവീൺ,ഡോ:പി മുഹമ്മദ്, ഇക്രാം സാരഥികളായ എ.കെ അബ്‌ദുറഹിമാൻ,കെ.വി അബ്‌ദുറഹിമാൻ എന്നിവർ സംസാരിച്ചു.
നവാസ് പാലേരിയുടെ ഇമ്പമാർന്ന പാട്ടും, പറച്ചിലും സദസ്സിനെ ആനന്ദിപ്പിച്ചു. ഇക്രാം കുടുംബത്തിലെ മക്കളുടെ കലാ വിരുന്നും സദസ്സിന് മാറ്റുകൂട്ടി.ജാതി ഭേദമന്യേ കഴിഞ്ഞ വർഷം 16 ഉം ഈ വർഷം 54 ഉം അർഹരായ അനാഥ വിദ്യാർത്ഥികൾക്ക് ഇക്രാംന്റെ ഈ ചേർത്തുപിടിക്കൽ ആശ്വാസകരമായി.