കൂത്തുപറമ്പ്: മുളകുപൊടി സ്‌പ്രേ വയോധികയുടെ മുഖത്തടിച്ച് ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതിയായ സൈനികന്‍ അറസ്റ്റില്‍.
പിണറായി വെണ്ടുട്ടായിയിലെ മന്ദാരത്തില്‍ കെ.അരുണ്‍ കുമാറി(31)നെയാണ് കൂത്തുപറമ്പ് എസ്.എച്ച്.ഒ. കെ.പി.ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പന്ന്യോറയിലെ വള്ളുവന്‍കാട് പറമ്പില്‍ കുമ്മക്കരോത്ത് ജാനകി (71)യുടെ മൂന്നുപവനോളം വരുന്ന മാലയാണ് അകന്ന ബന്ധുകൂടിയായ അരുണ്‍ മോഷ്ടിച്ചത്. കേബിള്‍ ടി.വി. ഓപ്പറേറ്ററായ ജാനകിയുടെ മകന്‍ ഷാജിയെ അന്വേഷിച്ചാണ് വീട്ടിലെത്തിയത്. വീടിന്റെ അകത്തുകയറി ജാനകിയുടെ മുഖത്ത് സ്‌പ്രേചെയ്ത് വീഴ്ത്തിയശേഷം മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യംചെയ്തപ്പോള്‍ അരുണ്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മാല തൊട്ടടുത്ത ദിവസം മമ്പറത്തെ ഒരു സ്വര്‍ണക്കടയില്‍ വിറ്റിരുന്നു.
23 മദ്രാസ് റെജിമെന്റിലെ സൈനികനായ അരുണ്‍ 13 വര്‍ഷമായി സര്‍വീസിലുണ്ട്. അവധിയില്‍ നാട്ടിലെത്തിയിട്ട് ഒരുമാസമായി. ജാനകിയുടെ വീടിന്റെ സമീപത്തെ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് വെണ്ടുട്ടായിയിലേക്ക് മാറി. എസ്.ഐ. സി.എന്‍.എബിന്‍, എ.എസ്.ഐ. മിനീഷ്, സി.പി.ഒ.മാരായ ഷൈജേഷ്,രാജേഷ്, മഹേഷ്, പ്രശോഭ്, നിഷാദ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.