മുത്തങ്ങ ചെക്‌പോസ്റ്റിൽ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

news image
Jan 3, 2023, 2:29 pm GMT+0000 payyolionline.in

സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തുകയായിരുന്ന  108 ഗ്രാം  എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. സംഭവത്തില്‍ താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ്, (28) കോഴിക്കോട്    പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. മൈസൂരില്‍ നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് വെളിവായത്. കര്‍ണാടകയില്‍ നിന്നും കോഴിക്കോട്ട് എത്തിച്ച് വിതരണം നടത്തുന്നതിനായിട്ടുള്ളതാണ് എംഡിഎംഎ എന്നാണ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരം. ഇരുവര്‍ക്കുമെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി. ഹരിദാസന്‍, കെ.വി. പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. ധന്വന്ദ്, ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.  ഉണ്ടായിരുന്നു. അതേ സമയം കനത്ത പരിശോധന നടത്തുമ്പോഴും മുത്തങ്ങ, കുട്ട, ബാവലി, കാട്ടിക്കുളം ചെക്‌പോസ്റ്റുകള്‍ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിക്കടത്ത് നിര്‍ബാധം തുടരുകയാണ്. ഒരു ദിവസം പോലും ഒഴിവില്ലാതെ നിരവധി യുവാക്കളാണ് ഇതിനകം തന്നെ പിടിയിലായിട്ടുള്ളത്. പ്രധാന അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്ക് പുറമെ പെരിക്കല്ലൂര്‍, പാട്ടവയല്‍ തുടങ്ങിയ അതിര്‍ത്തികളിലൂടെയും രാസലഹരി അടക്കമുള്ളവ കേരളത്തിലേക്ക് കടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe