മലപ്പുറം: മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം. അഞ്ചു വയസുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനു പരാതി നൽകി. ചൈൽഡ് ലൈൻ സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളർത്തിയത്.
രണ്ടാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കൾ തിരൂരിലെ സ്വകാര്യ സ്കൂളിനെ അഡ്മിഷന് വേണ്ടി സമീപിച്ചത്. ”അഡ്മിഷന് വേണ്ടി സ്കൂളിലെത്തി. പ്രിൻസിപ്പാളിനോടാണ് ആദ്യം സംസാരിച്ചത്. മറ്റുള്ള ആളുകളുമായി സംസാരിച്ചിട്ട് തീരുമാനമറിയിക്കാം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു. നിങ്ങൾക്കിത് അനുവദിച്ച് തന്നാൽ മറ്റുള്ള കുട്ടികൾക്ക് ഇതൊരു പ്രചോദനമാകും. അത് സ്കൂളിനെ ബാധിക്കും എന്ന്. ഡൊണേറ്റ് ചെയ്യാൻ വേണ്ടിയാണ് മോൻ മുടി നീട്ടി വളർത്തുന്നത്. ഒരു വർഷമായി മുടി മുറിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് അത് അനുവദിച്ച് തരാൻ പറ്റില്ല എന്നാണ്. ഒരു വർഷം കൂടി കഴിഞ്ഞാൽ മുടി കട്ട് ചെയ്തോളാം. സാധാരണ കുട്ടികൾ വരുന്നത് പോലെ വന്നോളാം എന്നും പറഞ്ഞു. പിന്നീട് സെക്രട്ടറിയെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴും അനുവദിച്ച് തരാൻ പറ്റില്ലെന്നായിരുന്നു മറുപടി.” കുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തിൽ ചൈൽഡ് ലൈനിൽ പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. മാത്രമല്ല, മറ്റ് മാതാപിതാക്കളുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുന്ന രീതിയിൽ സ്കൂൾ അധികൃതർ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. സർക്കാർ സ്കൂളിൽ കുട്ടിക്ക് പ്രവേശനം ലഭിച്ചതായും കുടുംബം വ്യക്തമാക്കി.